
തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പ് കേസിലെ പ്രതികളെ കേരളത്തിലെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങി. ബില്യൻ ബീസ് സ്ഥാപനത്തിന്റെ ഉടമകളായ ബിബിൻ ബാബു, ഭാര്യ ജൈത വിജയൻ, ബിബിന്റെ സഹോദരൻ സുബിൻ എന്നിവർ കേരളം വിട്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെ തിരിച്ചെത്തിക്കാനാണ് ശ്രമം. വലിയ തട്ടിപ്പാണ് പ്രതികൾ നടത്തിയത്. 250 കോടി രൂപ തട്ടിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പ്രവാസികളാണ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും.വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം സുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായാണ് ഇവർ ബിബിൻ ബാബുവിന്റെ സ്ഥാപനത്തിൽ നിക്ഷേപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ ട്രേഡിങ് എന്നതായിരുന്നു സ്ഥാപനം മുന്നോട്ടുവച്ച ആശയം.
10 ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷംതോറും 6 ലക്ഷം രൂപ ലാഭം കിട്ടുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 32 നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ 4 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. 1.95 കോടി രൂപ നഷ്ടപ്പെട്ട ഏങ്ങണ്ടിയൂർ സ്വദേശി ബിന്ദുവിന്റെ പരാതി ക്രൈം ബ്രാഞ്ചിനു കൈമാറി. തട്ടിപ്പിനിരയായ നൂറ്റമ്പതോളം പേർ മുന്നോട്ടുവന്നിട്ടുണ്ടെന്ന്, പരാതി നൽകിയവർ പൊലീസിനെ അറിയിച്ചു.











